Kerala
തിരുവനന്തപുരം: വേളി കടൽത്തീരത്ത് സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. ശനിയാഴ്ച രാവിലെ കരയ്ക്കടിഞ്ഞ മൃതദേഹത്തിന്റെ കൈകൾ മുണ്ട് ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണ്. മൂക്കിൽനിന്ന് രക്തംവന്ന് കട്ടപിടിച്ചിട്ടുണ്ട്.
സംഭവം കൊലപാതകമാണോയെന്നും സംശയമുണ്ട്. രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി പരിശോധന നടത്തി. മൃതദേഹത്തിന് അധികം പഴക്കമില്ലെന്നാണ് പോലീസ് പറയുന്നത്.
മിസിംഗ് കേസുകൾ പോലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
കണ്ണൂർ: ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടത് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ യുവാവിന്റെ അതിക്രമം. ലേബര്‍റൂം അടിച്ചു തകര്‍ത്ത കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.
ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച റാഷിദിന്റെ ഭാര്യയെ അവരുടെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ ബഹളം വച്ചത്. നഴ്സിംഗ് ഓഫീസര്‍ സനിലയെ ചീത്തവിളിക്കുകയും ലേബര്‍ റൂമിലെ വാതിലുകളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ക്കുകയുമായിരുന്നു.
അക്രമം നടത്തുന്നതിനിടെ പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ 15,000 രൂപയുടെ നാശനഷ്ടമുണ്ടായി. നഴ്സിംഗ് ഓഫീസര്‍ സനിലയുടെ പരാതിയിലാണ് കേസെടുത്തത്.
Kerala
കൊല്ലം: ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ വളഞ്ഞിട്ട് തല്ലി. കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിനാണ് (23) മർദനമേറ്റത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജ് ചികിത്സയിലാണ്. പൃഥിരാജിനൊപ്പം ഉണ്ടായിരുന്ന ബന്ധുവും ഭിന്നശേഷിക്കാരനുമായ യുവാവിനെ മർദിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സമീപവാസികളായ ആകാശ്, അച്ചു, നന്ദു, വിഷ്ണു എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു. ഇവർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
Kerala
തൃശൂർ: വിവാഹവാഗ്ദാനം നൽകി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ. താന്ന്യം സ്വദേശി യദു ഗിരീഷ് (38) ആണ് അറസ്റ്റിലായത്.
തൃശൂർ സിറ്റി സൈബർ പോലീസിനു ലഭിച്ച എറണാകുളം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മൂന്നു പെൺകുട്ടികളുടെ പരാതികൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ യദുവിനെതിരേ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
കൂടുതൽപേരെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായും ഇതിൽ പോക്സോ കേസുകളും ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് അന്വേഷണസംഘം നൽകുന്ന സൂചന. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ പതിവ്.
പിന്നീട് ഇവരുമായി അടുപ്പം സ്ഥാപിക്കുകയും വിവാഹവാഗ്ദാനം നൽകിയശേഷം പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. നഗ്നവിഡിയോ ചിത്രീകരിച്ച് ഇയാൾ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയുണ്ട്. യുവതികളില്‍നിന്നു പണം വാങ്ങിയതായും പരാതിയില്‍ പറയുന്നു.
Kerala
കാഞ്ഞങ്ങാട്: ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. മാവുങ്കാൽ ഇസിഎച്ച്എസ് പോളിക്ലിനിക്കിലെ ജീവനക്കാരനായ ജയകൃഷ്ണൻ, ആശുപത്രി ലാബ് ടെക്നിഷ്യ അഞ്ജലി എന്നിവർക്കെതിരെ കേസെടുത്തത്.
ബുധനാഴ്ച രാവിലെയാണു സംഭവം. ഡോക്ടറുടെ മുറിയിലും മേശയിലും കസേരയിലും നായ്ക്കുരണപ്പൊടി വിതറിയ നിലയിലായിരുന്നു. തുടർന്ന് ഡോക്ടർ ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
ഇരുവരെയും ജോലിസംബന്ധമായി ഡോക്ടർ മുമ്പ് ശകാരിച്ചിരുന്നു. ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി.
Kerala
പാലക്കാട്: ലോഡ്ജ് കേന്ദ്രീകരിച്ച് രാസലഹരി വിൽപ്പനയ്ക്കിടെ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് നാട്ടുകല്ലിലെ ലോഡ്ജിൽ പോലീസ് നടത്തിയ പരിശോധനയിൽ അലനല്ലൂർ സ്വദേശികളായ പള്ളിക്കാട്ടുതൊടി ഹാഷിം, പാലക്കാഴി ചോലയിൽ വീട്ടിൽ അരുൺ എന്നിവരെയാണ് പിടിയിലായത്.
പ്രതികളുടെ കൈയ്യിൽ നിന്നും 5.670 ഗ്രാം എംഡിഎംഎ കണ്ടെത്തി. അലനല്ലൂരിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന. മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും മണ്ണാർക്കാടും ലഹരിയെത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നതാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
അതേസമയം തിരൂരിൽ കാറിൽ കടത്തുകയായിരുന്ന രാസലഹരിയുമായി രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. മലപ്പുറം കൈതപ്പുറം സ്വദേശിയായ മുഹമ്മദ് തസ്ലിം ഷാബ് (31), കണ്ണന്തളി സ്വദേശി മുഹമ്മദ് ഷഹീദ്.സി (34) എന്നിവരാണ് അഞ്ച് ഗ്രാമിലധികം മെത്താംഫിറ്റാമിനുമായി പിടിയിലായത്.
Kerala
എരുമപ്പെട്ടി: വീടിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചിറമനേങ്ങാട് നെല്ലിക്കുന്നിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 42-45 വയസിനിടയിൽ പ്രായമുള്ള സ്ത്രീയുടേതാണെന്നും അസ്ഥികൂടത്തിന് 152 സെന്റിമീറ്റർ ഉയരമുണ്ടെന്നും ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയിൽ വ്യക്തമായി. അസ്ഥികൂടത്തിലുണ്ടായിരുന്ന ഏലസിൽ ഖുറാൻലിഖിതവും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ചിറമനേങ്ങാട് നെല്ലിക്കുന്ന് പാടശേഖരത്തിനുസമീപം ആൾത്താമസമില്ലാത്ത വീടിന്റെ വരാന്തയിലാണ് കുഴിച്ചിട്ടനിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. മൂന്നുവർഷം മുമ്പാണ് ഈ വീട്ടിൽ താമസമുണ്ടായിരുന്നത്. ആലപ്പുഴയിലുള്ള സ്ത്രീകളടക്കമുള്ള ഒരു കുടുംബവും ഇതരസംസ്ഥാന തൊഴിലാളികളുമാണ് ഇവിടെ താമസിച്ചിരുന്നതെന്നു നാട്ടുകാർ പറയുന്നു.
അടഞ്ഞുകിടന്നിരുന്ന വീട് പഴയ ഉടമസ്ഥന്റെ കൈയിൽനിന്നു രണ്ടുവർഷംമുമ്പ് മറ്റൊരാൾ വാങ്ങിയിരുന്നു. ഞായറാഴ്ച വൈകുന്നേരും വീടിന്റെ പിന്നിലെ ചായ്പിന്റെ നിലം പൊളിക്കുന്നതിനിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തുണികളിലും പായയിലും പൊതിഞ്ഞനിലയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്.
അസ്ഥികളോടൊപ്പം തുണികളുടെയും പായയുടെയും അവശിഷ്ടങ്ങൾ കണ്ടെത്തി. തിരിച്ചറിയാതിരിക്കാൻ മൃതദേഹം അടുപ്പിനടിയിൽ കുഴിച്ചിട്ടതിനുശേഷം കുഴിമൂടി മണ്ണു തേച്ചു പിടിപ്പിച്ചിരിക്കുകയായിരുന്നു. കുന്നംകുളം എസിപി സി.ആർ. സന്തോഷിന്റെയും എരുമപ്പെട്ടി ഇൻസ്പെക്ടർ അനീഷ് കുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം.
ഈ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നവരെ കേന്ദ്രീകരിച്ചാണ് പ്രാഥമികഅന്വേഷണം നടത്തുന്നത്. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.എം. നൗഷാദ്, മെമ്പർമാരായ ആമിന സുലൈമാൻ, പ്രകാശൻ പേങ്ങാട്ടുപാറ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗാനമേള ട്രൂപ്പിന്റെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ തകർത്തതായി പരാതി. തിരുവനന്തപുരം വട്ടപ്പാറ നമ്പാടിൽ ശനിയാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ പോലീസ് കേസെടുത്തു.
മദ്യപിച്ചെത്തിയ ഒരു സംഘമാളുകൾ സ്റ്റേജിന് മുന്നിൽ ഡാൻസ് കളിക്കാൻ ശ്രമിച്ചത് സംഘാടകര്‍ തടഞ്ഞിരുന്നു. പിന്നീട് ഗാനമേള കഴിഞ്ഞശേഷം ഇവർ സ്പീക്കറുകളും മറ്റും തകര്‍ക്കുകയായിരുന്നു. സംഘാടകരുടെ വാഹനങ്ങളുടെ ഗ്ലാസും തകര്‍ത്തു.
സംഭവത്തിൽ സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ ഇടപെട്ടില്ലെന്നും പരാതിയുണ്ട്. പോലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Kerala
കണ്ണൂർ: പഹൽഗാം ഭീകരരുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് വയോധികയിൽ നിന്ന് 1.58 കോടി രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂർ സ്വദേശിനിയായ മീര സോമസുന്ദരത്തിന്റെ പണമാണ് നഷ്ടമായത്. സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്സ് ആപ്പ് കോളിൽ ബന്ധപ്പെട്ട സംഘമാണ് തട്ടിപ്പ് നടത്തിയത്.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരിശോധനക്കിടെ വയോധികയുടെ ആധാർ കാർഡ് കണ്ടെത്തിയെന്നും ഭീകരർക്ക് പണം കൈമാറിയോയെന്ന് സംശയിക്കുന്നതായും ഇവർ പറഞ്ഞു വിശ്വസിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അക്കൗണ്ടിലുള്ള മുഴുവൻ പണവും കൈമാറണമെന്നും ആവശ്യപ്പെട്ടു.
ഇങ്ങനെ ഘട്ടം ഘട്ടമായി വയോധികയുടെ പക്കൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. 1.58 കോടിക്ക് പുറമേ 50 ലക്ഷം രൂപ കൂടി അധികം നൽകാൻ ഒരുങ്ങുന്ന സമയത്താണ് സംഭവം ബാങ്ക് ജീവനക്കാരുടെ ശ്രദ്ധയിൽപെടുന്നത്. പിന്നീട് പോലീസിൽ അറിയിക്കുകയായിരുന്നു.
Kerala
കാസർഗോഡ്: കന്നുകാലികളുമായി എത്തിയ യുപി സ്വദേശികൾക്ക് മർദനമേറ്റ സംഭവത്തിൽ അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. ശനിയാഴ്ച പുലർച്ചെ മഞ്ചേശ്വരത്തുണ്ടായ സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികാളായ ഫർഹാൻ ദാവൂദ് എന്നിവർക്കാണ് മർദനമേറ്റത്.
കന്നുകാലികളെ ഇറക്കുന്നതിനിടെ ചില യുവാക്കളെത്തി തടയുകയായിരുന്നു. ഇവിടെ കന്നുകാലികളെ ഇറക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് തങ്ങളെ മർദിച്ചതെന്ന് ഇവർ പോലീസിൽ മൊഴി നൽകി. ഇരുമ്പ് പൈപ്പും കല്ലും ഉപയോഗിച്ചാണ് തങ്ങളെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
പരിക്കേറ്റ ഇരുവരും കുമ്പളയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. വധശ്രമത്തിനു കേസെടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.
Kerala
കാസര്‍ഗോഡ്: സോഷ്യല്‍ മീഡിയ താരം ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് ആണ്‍സുഹൃത്ത് മുറിയിലെത്തിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പൊഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ചിന്നുവിന്റെ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. വളരെ കാലമായി ചിന്നു ആസാദ് നഗറിലെ ക്വാട്ടേഴ്സില്‍ വാടകയ്ക്ക് കഴിയുകയായിരുന്നു.
ഇടയ്ക്ക് ആണ്‍സുഹൃത്തും ചിന്നുവിനൊപ്പം ഇവിടെ താമസിക്കുന്നുണ്ടായിരുന്നുവെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
Kerala
കൊച്ചി: സിഗരറ്റ് വാങ്ങാൻ പൈസ നൽകാതിരുന്ന യുവാവിനെ അഞ്ചംഗ സംഘം ബിയർ കുപ്പി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതായി പരാതി. ആലപ്പുഴ രാമങ്കരി നാല്പതിൽ ചിറ വീട്ടിൽ ജെസിൻ ജോസിനാണ് (24) അടിയേറ്റത്.
തിങ്കളാഴ്ച പുലർച്ചെ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമാണ് സംഭവം. അഞ്ചംഗ സംഘം യുവാവിനെ ബിയർ കുപ്പികൊണ്ട് അടിക്കുകയും പരിക്കേൽപ്പിക്കുകയുമായിരുന്നു.
പരിക്കേറ്റ യുവാവ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു.
Kerala
തിരുവനന്തപുരം: മന്ത്രി വി.ശിവന്‍കുട്ടിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് മർദനമേറ്റ കേസിൽ മൂന്നുപേർ അറസ്റ്റിൽ. ശനിയാഴ്ച രാത്രി ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച് നടന്ന സംഭവത്തിൽ ദിനേഷിനാണ് മര്‍ദനേമേറ്റത്.
സംഭവത്തില്‍ അഖിലേഷ്, ജയരാജ്, വ്യാസന് എന്നിവരാണ് പിടിയിലായത്. പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും ഇവർ മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്നും പോലീസ് പറഞ്ഞു.
Kerala
കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പരവൂർ കൂനയിൽ സ്വദേശി രാജിത്ത് (28) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പ്രതി യുവതിയുടെ വീടിന്റെ ജനൽ പൊളിച്ച് ഉള്ളിൽ കയറിയത്. തുടർന്ന് ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചു. യുവതി ഉണർന്നതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ നരഹത്യശ്രമം, എൻഡിപിഎസ് തുടങ്ങിയ കേസുകളും നിലവിലുണ്ട്.
Kerala
പത്തനംതിട്ട: കളിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കത്തിനിടെ വിദ്യാര്‍ഥിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. പത്തനംതിട്ട കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കുടുംബം കൂടല്‍ പോലീസില്‍ പരാതി നല്കി. മർദനത്തിൽ 16കാരന്റെ മൂക്കിന് പൊട്ടലും കണ്ണിനും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മകനെ മർദിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
സംഭവം ഒതുക്കി തീര്‍ക്കാന്‍ ചില ഇടപെടലുകള്‍ നടന്നതായും കുടുംബം ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: സ്കൂളിലേക്കു പോയ പതിനാറുകാരിയെ കാണാനില്ലെന്നു പരാതി. വൈപ്പിന്‍ തെക്കന്‍ മാലിപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആണ് എളങ്കുന്നപുഴയിലുള്ള സ്കൂളിലേക്കു പെണ്‍കുട്ടി പോയത്.
രാത്രിയായിട്ടും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് ബന്ധുവീടുകളിലും കൂട്ടുകാരുടെ വീടുകളിലുമൊക്കെ അന്വേഷിച്ചു. കൂടുതൽ വിവരങ്ങളൊന്നും കിട്ടാതെ വന്നതോടെ പിതാവ് ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Kerala
തിരുവനന്തപുരം: വി.കെ.പ്രശാന്ത് എംഎൽഎയെ തടഞ്ഞ സംഭവത്തിൽ വാഴോട്ടുകോണം കൗൺസിലർ സുഗതനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ വട്ടിയൂർക്കാവ് പോലീസാണ് കേസെടുത്തത്.
വാഴോട്ടുകോണത്തെ മഹിളാമന്ദിരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് മന്ത്രി വീണാ ജോർജായിരുന്നു. എന്നാൽ മന്ത്രിയുടെ അസാന്നിധ്യത്തിൽ വി.കെ.പ്രശാന്ത് എംഎൽഎ ഉദ്ഘാടകനായതിനെ കൗൺസിലർ ചോദ്യം ചെയ്തു.
തുടർന്ന് യോഗസ്ഥലത്തേക്ക് എത്തിയ വി.കെ.പ്രശാന്ത് എംഎൽഎയുടെ വാഹനം സുഗതൻ തടയുകയായിരുന്നു. എംഎൽഎയുടെ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
Kerala
പാലക്കാട്: മന്ത്രി സജി ചെറിയാനെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ. കഴിഞ്ഞ ദിവസം മന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ ബിനു ചുള്ളിയിലിനെതിരെ കേസെടുത്തിരുന്നു.
ലഹരി കേസിൽ ഉൾപ്പെട്ടവരെ മന്ത്രി സംരക്ഷിക്കുന്നുണ്ട്. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. കേസെടുത്താൽ താൻ പേടിക്കില്ല. പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു. തനിക്കെതിരെ കലാപ ആഹ്വാനത്തിനാണ് കേസ് എടുത്തത്.
സമൂഹത്തിൽ കലാപം ഉണ്ടാക്കുന്ന വിധം വർഗീയ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാന് എതിരെ താൻ കൊടുത്ത പരാതിയിൽ ഇതുവരെ പോലീസ് കേസ് എടുത്തിട്ടില്ല. സജി ചെറിയാൻ, എ.കെ. ബാലൻ തുടങ്ങിയവർക്കെതിരെ കേസെടുക്കാൻ പോലീസ് തയാറല്ലെന്നും ബിനു പറഞ്ഞു.
Kerala
ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ ആരോപണം ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ പോലീസ് കേസെടുത്തു. ലഹരിക്കടത്ത് കേസിലെ ആരോപണ വിധേയന്റെ കാര്‍ സജി ചെറിയാന് തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ചുവെന്ന് ബിനു പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് സജി ചെറിയാൻ ചെങ്ങന്നൂര്‍ പോലീസിൽ പരാതി നൽകിയത്. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ സിപിഎം പുറത്താക്കിയ ഷാനവാസിനെ മന്ത്രി സംരക്ഷിക്കുകയാണെന്നും മന്ത്രിക്കും ലഹരിക്കടത്ത് കേസില്‍ പങ്കുണ്ടെന്നും ബിനു പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിക്കിടെയാണ് ബിനു സജി ചെറിയാനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
Kerala
ബംഗളൂരു: വ്യവസായി സി.ജെ.റോയിയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പോലീസ്. കോൺഫിഡന്റ് ഗ്രൂപ്പ് ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ ഐടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുമെന്ന് ബംഗളൂർ സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി.
റോയിയുടെ മൊബൈൽ ഫോണുകളും വെടിയുതിര്‍ത്ത തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.
കെട്ടിടത്തിലെ സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും കസ്റ്റഡിയിൽ എടുക്കാൻ പോലീസ് നീക്കമാരംഭിച്ചു. അതേസമയം കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിനുള്ളിൽ നടത്തിയത് റെയ്ഡ് തന്നെയാണെന്ന് ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
Kerala
മുണ്ടക്കയം: സ്വകാര്യ ഫ്ലാറ്റിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് മുണ്ടക്കയം പോലീസ് പുത്തൻചന്തയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോരുത്തോട് സ്വദേശി അനധികൃതമായി നടത്തുന്ന പാറമടകളിലേക്ക് എത്തിച്ച സ്ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തതെന്നാണ് സൂചന.
സ്ഫോടകവസ്തുക്കൾ എവിടെ നിന്ന് എത്തിച്ചതാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഫോടകവസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്ന കാര്യം തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു.
Kerala
മലപ്പുറം: അതിഥിത്തൊഴിലാളിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിർമാണ ജോലിക്കെത്തിയ അതിഥിത്തൊഴിലാളിയെ ആക്രമിച്ച കെട്ടുങ്ങൽ സ്വദേശി കോങ്ങാശേരി വീട്ടിൽ നബീൽ (24) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 17ന് രാത്രി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചായിരുന്നു സംഭവം. പരപ്പനങ്ങാടി ഇൻസ്പെക്ടർ നവീൻ ഷാജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
ഇടുക്കി: പീഡനത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. ഉടുമ്പന്നൂര്‍ പള്ളിക്കുടിയില്‍ ഗോഡ്വിനെ (21) നെയാണ് പോക്സോ നിയമ പ്രകാരം കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ഗോഡ്വിന് പോലീസ് നിരീക്ഷണത്തിലായിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസും അറസ്റ്റും പോലീസ് നടപ്പാക്കിയത് നിയമവിരുദ്ധമായെന്നു നിയമവൃത്തങ്ങൾ. രാഹുലിനെതിരെ വിദേശത്തു താമസിക്കുന്ന അതിജീവിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ് ) യിലെ 173 (3) വകുപ്പിന്റെ ലംഘനമാണെന്നാണ് മുതിർന്ന ക്രിമിനൽ അഭിഭാഷകരും സർവീസിൽ നിന്നും വിരമിച്ച ഐപിഎസ് ഉദോഗസ്ഥരും പറയുന്നത്.
തിരക്കിട്ട് അറസ്റ്റ്
ഇ-മെയിലിൽ ലഭിക്കുന്ന ബലാൽസംഗ പരാതിയിൽ മൂന്നു ദിവസത്തിനുള്ളിൽ പരാതിക്കാരിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി വാങ്ങി ഒപ്പിട്ട ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ് ബിഎൻഎസ് 173 (3) വകുപ്പിൽ പ്രതിപാദിക്കുന്നത്.
എന്നാൽ, രാഹുൽ മാങ്കൂട്ടത്തിനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഇത്തരം നടപടിക്രമങ്ങൾ പാലിച്ചല്ലെന്നാണ് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ക്രിമിനൽ അഭിഭാഷകനായ ഡോ. ക്ലാരൻസ് മിരാന്റെ അഭിപ്രായം.
അതിനാൽ രാഹുലിന്റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണ്. പ്രതി ജാമ്യത്തിനായി മേൽകോടതിയെ സമീപിക്കുകയും നിയമവിരുദ്ധമായ നടപടി ക്രമങ്ങൾ ബോധിപ്പിക്കുകയും ചെയ്താൽ വിഷയം കോടതി പരിശോധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസ് ദുർബലമാകാൻ സാധ്യത
രാഹുലിനെതിരെ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ബലാത്സംഗ കേസിൽ പോലീസ് ശരിയായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും പ്രതികരിച്ചു. പരാതിക്കാരിയുടെ നേരിട്ടുള്ള മൊഴി വാങ്ങിയ ശേഷം മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ് ക്രിമിനൽ നിയമം വ്യക്തമാക്കുന്നത്.
കൂടാതെ പരാതിക്കാരിയുടെ മൊഴി പോലീസിനു പുറമെ വനിതാ ജഡ്ജി രേഖപ്പെടുത്തണം. പ്രതിക്കെതിരെ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമേ അറസ്റ്റ് ചെയ്യാവൂ എന്നാണ് നിയമത്തിൽ പറയുന്നതെന്നും സേനയിൽനിന്നു വിരമിച്ച മുതിർന്ന ഐപിഎസ് ഉദോഗസ്ഥൻ ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടപടി കേസ് ദുർബലമാകാൻ മാത്രമേ ഉപകരിക്കുയുള്ളുവെന്നു മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാർ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചിരുന്നു. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുന്നതിനു മുന്‍പേ പ്രതിയെ അറസ്റ്റ് ചെയ്തതിനെയും അദ്ദേഹം വിമർശിച്ചിരുന്നു.
Kerala
ഇടുക്കി: ഉപ്പുതറ മത്തായിപ്പാറ എംസി കവലയ്ക്കു സമീപം യുവതി തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് തെരഞ്ഞിരുന്ന ഭര്‍ത്താവിനെ സമീപത്തെ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മത്തായിപ്പാറ എം.സി. കവലയ്ക്കു സമീപം മലേക്കാവില് സുബിനെയാണ് (രതീഷ്) ഇന്നു മരിച്ച നിലയിണ് കണ്ടെത്തിയത്.
സുബിന്റെ ഭാര്യ രജനി (38)യെ കഴിഞ്ഞ ഏഴിനു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് സുബിനെ കാണാതാകുകയായിരുന്നു. ഇരുമ്പുപൈപ്പു കൊണ്ടുള്ള അടിയേറ്റാണ് രജനി കൊല്ലപ്പെട്ടതെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
സുബിനും രജനിയും തമ്മില്‍ കലഹം പതിവായിരുന്നു. സുബിനാണ് രജനിയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലായിരുന്നു പോലീസ്. സുബിനെ കണ്ടെത്താനായി പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വ്യാപക അന്വേഷണം നടത്തി വരികയായിരുന്നു.
സംഭവത്തിനു ശേഷം തമിഴ്നാട്ടിലേക്കു കടന്ന സുബിന് കഴിഞ്ഞ ദിവസം വീടിനു സമീപമെത്തിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പരിസര പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.
Kerala
പത്തനംതിട്ട: ജിഎസ്ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കേരളത്തില്‍ വന്‍ തട്ടിപ്പ് നടത്തി വന്ന സംഘം പത്തനംതിട്ടയില്‍ അറസ്റ്റില്‍. കോഴഞ്ചേരി മാലക്കര ബിജോ ഭവനില്‍ ബിജോ മാത്യു (35), തിരുവനന്തപുരം ചെറുവക്കല്‍ പേപ്പര്‍ മില്‍ റോഡില്‍ ആര്‍ക്ക് ഓഫ് ഫേവർ ആർ.എ. ഇമ്മാനുവേൽ (42), തിരുവനന്തപുരം മെഡിക്കല്‍ കോളജ് ശ്രീമൂലം റോഡില്‍ കൊടാക്കേരില്‍ ഡെന്നിസ് ജേക്കബ് (51) എന്നിവരാണ് അറസ്റ്റിലായത്.
ജിഎസ്ടി വകുപ്പില്‍ നിന്നും റെയ്ഡ് നടത്തിയതും ലൈസന്‍സ് റദ്ദായതുമായ സ്ഥാപനങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തിയാണ് സംഘം തട്ടിപ്പ് നടത്തി വന്നതെന്ന് പറയുന്നു. വിവര ശേഖരണം നടത്തിയ സ്ഥാപനങ്ങളില്‍ ജിഎസ്ടിയിലെ ഇന്റലിജന്‍സ് സ്ക്വാഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് താനെന്നും ജിഎസ്ടി, ഇഡി, ഇന്‍കം ടാക്സ് എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തനിക്കു സഹായിക്കാന്‍ സാധിക്കുമെന്നും പറഞ്ഞു ബിജോ മാത്യു അവരുടെ വിശ്വാസം നേടും.
പിന്നീട് ജിഎസ്ടി ഇന്റലിജന്‍സിന്റെ ചാര്‍ജ് ഉള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞ് ഇമ്മാനുവല്‍ എന്നയാളെയും ജിഎസ്ടി കമ്മീഷണറായി ഡെന്നിസ് ജേക്കബ് എന്നയാളെയും അവതരിപ്പിക്കുന്നു. തുടര്‍ന്ന് സ്ഥാപന ഉടമകളില്‍ നിന്നും പണം കൈക്കലാക്കുകയും ചെയ്യുകയാണ് രീതി.
ഇത്തരത്തില്‍ കോഴഞ്ചേരിയിലെ ഒരു ബേക്കറിയിൽ എത്തിയ ബിജോ മാത്യു ജിഎസ്ടി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ ബേക്കറി ഉടമയ്ക്ക് സംശയം തോന്നി വകുപ്പിലെ ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണറെ വിവരം അറിയിക്കുകയയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിന്റെ തട്ടിപ്പ് പുറത്തുവരുന്നത്.
ഉന്നത ഉദ്യോഗസ്ഥരെയും നേതാക്കളെയും പരിചയമുണ്ടെന്നു പറഞ്ഞും അവരോടോത്തുള്ള ചിത്രങ്ങള്‍ കാണിച്ചുമാണ് ആളുകളില്‍ വിശ്വാസം ജനിപ്പിക്കുന്നത്. ഇത്തരത്തില്‍ പത്തനംതിട്ട ജില്ലയില്‍ മറ്റൊരു ബേക്കറി ഉടമയില്‍ നിന്നും 15 ലക്ഷം രൂപയും ആശുപത്രി ഉടമയില്‍ നിന്നും 17 ലക്ഷം രൂപയും മറ്റൊരു ബേക്കറി-ക്വാറി ഉടമയില്‍ നിന്നും അഞ്ച് ലക്ഷവും ഫര്‍ണീച്ചര്‍ കട ഉടമയില്‍ നിന്നും ഏഴു ലക്ഷവും കാഞ്ഞങ്ങാടുള്ള കമ്പനിയില്‍നിന്നും 45 ലക്ഷവും സംഘം തട്ടിയെടുത്തതായി പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ആളുകളെ സംഘം തട്ടിപ്പിനിരയാക്കിയതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ബിജോ മാത്യുവിനെതിരേ 2018-ല്‍ ആള് മാറാട്ടംനടത്തി പണം തട്ടാല്‍ ശ്രമിച്ചതിനു ആറന്മുള പോലീസ് സ്റ്റേഷനിലും വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞു പണം തട്ടിച്ചതിനു അടൂര്‍ പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്.ആനന്ദിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജി. അനീഷ്, എസ്ഐ അരുണ്‍കുമാര്‍, എഎസ്ഐ എൻ. സന്തോഷ്, സീനിയര്‍ സിപിഒ റോബി ഐസക് എന്നിവർ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ ആളുകള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
Kerala
എടപ്പാള്‍: പൂക്കരത്തറയില്‍ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. അംശക്കച്ചേരി സ്വദേശി റംഷാദിനെയാണ് (23) ചങ്ങരംകുളം എസ്ഐ വിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐയുടെ വലത് കൈയ്ക്ക് പരിക്കേറ്റു.
ഡിസംബർ 19ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. പൂക്കരത്തറ പെട്രോള്‍ പമ്പിന് സമീപത്ത് വച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം എടപ്പാള്‍ സ്വദേശിയായ ഇംത്യാസിനെ വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികളില്‍ ഒരാളെ അന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു. എടപ്പാള്‍ സ്വദേശി ലുക്മാനെയാണ് പോലീസ് അന്ന് പിടികൂടിയത്.
പ്രതികളില്‍ ഒരാള്‍ ലഹരി ഉപയോഗിക്കുന്നത് ബന്ധുക്കളെ അറിയിച്ചതിലുള്ള വൈരാഗ്യമായിരുന്നു അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഒളിവിലായിരുന്ന പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് രണ്ടാംപ്രതി റംഷാദിനെ എടപ്പാള്‍ അംശക്കച്ചേരിയിലെ വീട്ടില്‍ നിന്ന് പിടികൂടിയത്.
റംഷാദിനെതിരേ സമാനമായ മറ്റു കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. എസ്ഐ വിനുവിനെ പുറമേ എസ്സിപിഒമാരായ ബിജു, നിധീഷ്, സിപിഒ സഫ്വാൻ, രജിത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: പ്രാവുകളുടെ കൂടുകള്‍ കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍.
കുറ്റകൃത്യം ചെയ്ത ശേഷം ഒളിവില്‍പോയ രണ്ടു പേരെ ബെംഗ്ലുരുവില്‍നിന്നു പൂന്തുറ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മാണിക്യവിളാകം സ്വദേശികളായ അഷ്കര്‍ (31), ഇയാളുടെ സുഹ്യത്ത് മുഹമ്മദ് റാസിക്(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സംഭവം. പ്രതികളുമായി പരിചയമുളള 17കാരനെ പ്രാവുകളെ വളര്‍ത്തുന്ന കൂടുകള്‍ കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇരുവരും ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടുകാരെ അറിയിച്ചതിനെത്തുടര്‍ന്നു പൂന്തുറ പോലീസില്‍ പരാതി നല്കി.
ഇതോടെ പ്രതികള്‍ ആദ്യം ചെന്നൈയിലേക്കും തുടര്‍ന്ന് ബംഗളൂരുവിലേക്കും കടക്കുകയായിരുന്നു. പിടിയിലായവര്‍ ഇതേ പ്രതികള്‍ ബീമാപളളി സ്വദേശിനിയുടെ വീട്ടില്‍ക്കയറി അക്രമം കാണിച്ച കേസിലും പ്രതികളാണെന്നു പൂന്തുറ പോലീസ് പറഞ്ഞു. പൂന്തുറ എസ്എച്ച്ഒ സജീവിന്റെ നേത്യത്വത്തില്‍ എസ്ഐമാരായ വി.സുനില്‍, എസ്.എസ്. ശ്രീജേഷ്, എഎസ്ഐ ഗോഡ്വിന്, സിപിഒമാരായ രാജേഷ്, സനല്‍, അനീഷ് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Kerala
എരുമേലി : ശബരിമല തീർഥാടകരുടെ അര ലക്ഷം രൂപ കവർന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലിയിൽ നടന്ന സംഭവത്തിൽ തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പെരിയസ്വാമി (65) ആണ് അറസ്റ്റിലായത്.
ഇയാൾ ശുചീകരണ വിഭാഗമായ വിശുദ്ധി സേനയിലെ അംഗമാണെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11 ന് എരുമേലിയിൽ ദേവസ്വം ബോർഡിന്റെ വലിയ പാർക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. തിരുപ്പൂർ സ്വദേശികളുടെ പണമാണ് നഷ്ടപ്പെട്ടത്.
ഉടൻ തന്നെ ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
Kerala
അമ്പലപ്പുഴ: വീട്ടിൽ ചാരായം വാറ്റിക്കൊണ്ടിരുന്നയാളെ പോലീസ് കൈയോടെ പിടിച്ചു. ചാരായവും കോടയും വാറ്റുപകരണങ്ങളുമായി പുറക്കാട് സ്വദേശി സുനിലാണ് പിടിയിലായത്. 16 ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പുറക്കാട് പഞ്ചായത്ത് 16-ാം വാർഡ് കണിയാംപറമ്പ് വീട്ടിൽ സുനിലിനെ അമ്പലപ്പുഴ പോലീസ് ഇൻസ്പെക്ടർ എം. പ്രതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്.
പുതുവത്സരത്തിനു വിൽക്കാനായി സൂക്ഷിച്ചിരുന്ന 16 ലിറ്റർ ചാരായവും 30 ലിറ്റർ കോടയുമാണ് പിടികൂടിയത്.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദേശപ്രകരം നടത്തിയ പട്രോളിംഗിനിടയിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കഴിഞ്ഞ രാത്രി രഹസ്യാന്വേഷണ വിഭാഗം കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുനിലിന്റെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് ചാരായം വാറ്റുകയായിരുന്ന സുനിലിനെ കൈയോടെ പിടികൂടിയത്.
അയൽക്കാർ അറിയാതിരിക്കാൻ മുറി നിറയെ ചന്ദനത്തിരി കത്തിച്ചു വച്ചാണ് സുനിൽ ചാരായം വാറ്റിയിരുന്നത്. വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും രണ്ടു ഗ്യാസ് കുറ്റിയും സ്റ്റൗവും പിടിച്ചെടുത്തിട്ടുണ്ട്.
Kerala
തുറവൂർ: വിദേശത്തുള്ള മകന്റെ സുഹൃത്താണെന്നു അവകാശപ്പെട്ടെത്തിയ മധ്യവയസ്കൻ വീട്ടുകാരെ കബളിപ്പിച്ച് 700 രൂപ വാങ്ങുകയും വീട്ടിലെ മൊബൈൽ ഫോൺ മോഷണമായി കടന്നെന്നും പരാതി.
കോടംതുരുത്ത് ധന്യായിൽ ശ്രീദേവിയുടെ വീട്ടിൽ ഇന്നലെ ഉച്ചയോടെ എത്തിയ ആളാണ് കബളിപ്പിച്ചത്. മസ്കറ്റിൽ ജോലിയുള്ള മകന്റെ സുഹൃത്താണെന്നു പരിചയം നടിച്ചെത്തി ഇയാൾ മരട് സ്റ്റേഷനിലെ എഎസ്ഐയാണെന്നാണ് വീട്ടുകാരെ ധരിപ്പിച്ചത്.
വിരമിക്കാൻ ആറു മാസം മാത്രമേയുള്ളെന്നും കാൻസർ രോഗിയാണെന്നും പറഞ്ഞു. 1,800 രൂപ സഹായം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, അത്രയും പണം കൈയിൽ ഇല്ലാതിരുന്നതിനാൽ 700 രൂപ ഉണ്ടായിരുന്നത് വീട്ടുകാർ കൊടുത്തു.
ഇതിനിടെ, വീട്ടിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഇയാൾ കവർന്നു. ഇയാൾ പോയതിനു ശേഷമാണ് മൊബൈൽ ഫോൺ നഷ്ടമായതു ശ്രദ്ധയിൽപ്പെട്ടത്. പരാതിയെത്തുടർന്നു കുത്തിയതോട് പോലീസ് അന്വേഷണം തുടങ്ങി.
National
ബെല്ലാരി: കർണാടകയിലെ ബെ ല്ലാരിയിൽ വാല്മീകിപ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു.
ബിജെപി എംഎൽഎ ജനാർദന റെഡ്ഡിയുടെയും കോൺഗ്രസ് എംഎൽഎ ഭരത് റെഡ്ഢിയുടെയും അനുയായികൾ തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ജനാർദ്ദന റെഡ്ഢി, മുൻ മന്ത്രി ശ്രീരാമുലു എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.
ഹവഭാവിയിൽ ജനാർദന റെഡ്ഢിയുടെ വീടിനു മുന്നിൽ വാല്മീകിപ്രതിമ അനാഛാദനത്തിന്റെ ഫ്ലക്സ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ ജനാർദന റെഡ്ഢിയുടെയും ശ്രീരാമുലുവിന്റെയും അനുയായികളും ഭരത് റെഡ്ഢിയുടെ അനുയായികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇരുകൂട്ടരും പരസ്പരം കല്ലെറിഞ്ഞു.
ഇതിനിടെ വെടിയേറ്റാണ് കോൺഗ്രസ് പ്രവർത്തകൻ രാജശേഖർ റെഡ്ഢി കൊല്ലപ്പെട്ടത്. ഒരാൾ ആകാശത്തേക്കു വെടിയുതിർത്തത് അബദ്ധത്തിൽ രാജശേഖര റെഡ്ഢിക്ക് ഏൽക്കുകയായിരുന്നു.
പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസും ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. പോലീസിന്റെ വെടിയേറ്റല്ല രാജശേഖർ കൊല്ലപ്പെട്ടതെന്ന് എസ്പി രഞ്ജിത് കുമാർ ബന്ദാരു പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അഞ്ച് തോക്കുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ബെല്ലാരിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചെന്നും കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ കർശനമാക്കിയെന്നും പോലീസ് അറിയിച്ചു.
Kerala
കൊച്ചി: സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞുപോയി എന്ന പരാതിയെത്തുടർന്നു ചിക്കിംഗ് ഔട്ട്ലെറ്റില് നടന്ന സംഘര്‍ഷത്തിനു പിന്നാലെ മാനേജരെ പിരിച്ചുവിട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് മാനേജറായ ഫോര്‍ട്ട് കൊച്ചി സ്വദേശി ജോഷ്വയെ ചിക്കിംഗ് മാനേജ്മെന്റ് പുറത്താക്കിയത്. ഒരു കാരണവശാലും അക്രമം അനുവദിക്കില്ലെന്നു കമ്പനി അറിയിച്ചു.
ജോഷ്വ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം എംജി റോഡിലെ ചിക്കിംഗ് ഔട്ട്ലെറ്റിലായിരുന്നു സംഭവം. സിബിഎസ്ഇ സ്കൂള്‍ കായിക മേളയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികളാണ് എംജി റോഡ് ചിക്കിംഗില്‍ സാന്‍വിച്ച് കഴിക്കാനെത്തിയത്. സാന്‍വിച്ചില്‍ ചിക്കന്‍ ഇല്ലല്ലോ എന്ന പരാതി പറഞ്ഞതോടെ മാനേജറും വിദ്യാര്‍ഥികളും വാക്കുതർക്കം ഉണ്ടാവുകയായിരുന്നു.
വാക്കേറ്റം രൂക്ഷമായതോടെ വിദ്യാര്‍ഥികള്‍ കടയില്‍നിന്ന് ഇറങ്ങുകയും സഹോദരന്മാരെ കൂട്ടി വരികയുമായിരുന്നു. സഹോദരങ്ങള്‍ കടയിലെത്തി ചോദ്യം ചെയ്തതോടെ മാനേജര്‍ കത്തിയെടുത്തു വന്നു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കടയ്ക്കു പുറത്തേക്കിറങ്ങിയ ഇയാളെ മല്‍പ്പിടിത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
പരാതി ഇങ്ങനെ
നിലത്തു വീണ ഇയാൾക്ക് നേരേ കൈയേറ്റവുമുണ്ടായി. ആക്രമണത്തിനു പിന്നാലെ ഇരുകൂട്ടരും ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് സെന്‍ട്രല്‍ പോലീസില്‍ പരാതി നല്കി.
വിദ്യാര്‍ഥികള്‍ വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്നു നാലുപേര്‍ ഔട്ട്ലെറ്റില് അതിക്രമിച്ചു കയറി തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും 83,000 രൂപയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി എന്നുമാണ് ജോഷ്വയുടെ പരാതി.
മാനേജര്‍ കത്തിവീശി ഭീഷണിപ്പെടുത്തിയെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് വിദ്യാര്‍ഥികളുടെ പരാതി. ജോഷ്വയുടെ പരാതിയില്‍ വിദ്യാര്‍ഥികളുടെ ബന്ധുവായ ഒരാളെ അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു. അഞ്ചു പേര്‍ക്കെതിരെയാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്.
Kerala
തലശേരി: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതിനു കൗമാരക്കാരനെതിരേ കേസ്. പട്ടാപ്പകൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പതിനേഴുകാരനെതിരേയാണ് കേസെടുത്തിരിക്കുന്നത്.
തലശേരിക്കു സമീപമുള്ള നഗരത്തിലെ ബസ്സ്റ്റാൻഡിനു സമീപം പണി തീരാത്ത കെട്ടിടത്തിൽ വച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഡിസംബർ 29ന് രാവിലെ 10-നാണ് സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരൻ പെൺകുട്ടിയെ പ്രലോഭിപ്പിച്ചു പണിതീരാത്ത കെട്ടിടത്തിൽ എത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്റ്റഗ്രാം പ്രണയത്തിൽ കുടുങ്ങി നിരവധി പെൺകുട്ടികളാണ് ഇങ്ങനെ പല കെണികളും ചെന്നു വീഴുന്നത്.
സോഷ്യൽ മീഡിയയിൽ മാത്രം പരിചയമുള്ള ആളുകളെ വിശ്വസിച്ചാണ് പലരും വീടുവിട്ട് ഇറങ്ങുന്നത്. ഇവർ പിന്നീട് ക്രിമിനൽ സംഘങ്ങളുടെയും മറ്റും കെണികളിൽ ചെന്നു വീഴുകയാണ് പതിവ്. പരിചയപ്പെടുന്നവർ പറയുന്നത് അതേപടി വിശ്വസിക്കുന്ന കുട്ടികളാണ് കുഴപ്പങ്ങളിൽ ചെന്നു വീഴുന്നത്.
Kerala
മലപ്പുറം: അഞ്ചംഗസംഘം വീടുകയറി ആക്രമണം നടത്തിയതായി പരാതി. മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുളിയിലുണ്ടായ സംഭവത്തിൽ 11 വയസുകാരി ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു.
പർദ്ദ ധരിച്ചെത്തിയ സംഘമാണ് ചക്കാലക്കുത്ത് അബ്ദുവിന്റെ വീട്ടിൽ ആക്രമണം നടത്തിയത്. വീട് മുഴുവൻ പരിശോധന നടത്തിയ സംഘം എതിർക്കാൻ ശ്രമിച്ചവരെ ആയുധമുൾപ്പെടെ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
നാട്ടുകാർ എത്തിയതോടെ ആക്രമി സംഘത്തിലെ നാല് പേർ കാറിൽ കയറി രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
പിടിയിലായ ബേപ്പൂർ സ്വദേശി അനീസിനെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്. പരിക്കേറ്റ അബ്ദുവും കുടുംബവും പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.
Kerala
ചിങ്ങവനം: നാട്ടകത്ത് മദ്യലഹരിയിൽ കാർ ഓടിച്ചു ലോട്ടറി വില്പനക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിനെതിരേ ചിങ്ങവനം പോലീസ് കേസെടുത്തു.
ക്രിസ്മസിന് തലേദിവസം എംസി റോഡിൽ നാട്ടകം പോളിടെക്നിക്കിനു സമീപം വൈകുന്നേരമായിരുന്നു അപകടം. മറ്റൊരു വാഹനത്തിൽ ഇടിച്ച കാർ നിയന്ത്രണം തെറ്റി വഴിയരികിൽ നിന്ന ലോട്ടറി വില്പനക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ലോട്ടറിവില്പനക്കാരൻ തങ്കരാജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഓടിക്കൂടിയ നാട്ടുകാർ നടനെ പിടിച്ചു പോലീസിൽ ഏല്പിക്കുകയായിരുന്നു. സംഭവസമയം സിദ്ധാർഥ് ലഹരി ഉപയോഗിച്ചിരുന്നതായി ചിങ്ങവനം പോലീസ് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത ഇയാളുടെ കാർ പോലീസ് കോടതിക്കു കൈമാറും. സിദ്ധാർഥിന്റെ ലൈസൻസ് കാൻസൽ ചെയ്യാൻ അപേക്ഷ നൽകും. സംഭവത്തിൽ കേസെടുത്ത് ഇയാളെ ജാമ്യത്തിൽ വിട്ടു.
Kerala
കൊച്ചി: കളമശേരി കിന്‍ഫ്രയിലെ സ്വിമ്മിംഗ് പൂളില്‍ നിന്ന് മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഉപയോഗശൂന്യമായ സ്വിമ്മിംഗ് പൂളില്‍ നിന്നാണ് രണ്ട് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ഇതര സംസ്ഥാന തൊഴിലാളിയുടേതാണെന്നാണ് പോലീസിന്റെ സംശയം. ഈ മേഖലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി എത്തുന്നുണ്ട്. ഇവരില്‍ ആരുടെയെങ്കിലും മൃതദേഹമാണോ ഇതെന്നാണ് പോലീസിന്റെ സംശയം.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ടുവന്നാലെ മരണകാരണം അറിയാൻ കഴിയൂവെന്ന് പോലീസ് പറഞ്ഞു.
Kerala
തലശേരി: റീൽസിനായി ട്രെയിൻ നിർത്തിച്ചത് വിദ്യാർഥികൾ. മാഹിക്കും തലശേരിക്കുമിടയിലെ കുയ്യാലി റെയിൽവേ ഗേറ്റിൽ വച്ചാണ് വിദ്യാര്‍ഥികളുടെ റീല്‍സ് ചിത്രീകരണത്തെത്തുടർന്ന് ട്രെയിൻ നിർത്തിയിടേണ്ടി വന്നത്. എറണാകുളം-പൂനെ എക്സ്പ്രസാണ് നിർത്തിച്ചത്.
പാളത്തിനോടു ചേര്‍ന്നുനിന്ന് ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു.
ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്നിറങ്ങിവരികയും മിനിറ്റുകളോളം യാത്ര തടസപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം.
റെയില്‍വേ ഗേറ്റ് ഉദ്യോഗസ്ഥന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു.
ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് റീല്‍ ചിത്രീകരണമായിരുന്നു ഉദ്ദേശ്യമെന്നു മനസിലായത്. ഇരുവരെയും ജാമ്യത്തില്‍ വിട്ടു. സംഭവം സമൂഹമാധ്യമങ്ങളിലും വൈറലായി.
Kerala
കാസർഗോഡ്: വീട്ടിൽ സൂക്ഷിച്ചിരുന്ന തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി യുവാവിന് ഗുരുതര പരിക്ക്. വെള്ളിയാഴ്ചയുണ്ടായ സംഭവത്തിൽ കാസർഗോഡ് ഭീമനടി സ്വദേശി സുജിത്തിനാണ് വെടിയേറ്റത്.
നെഞ്ചിനും കൈക്കും പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. കർഷകനായ സുജിത്ത് വന്യജീവി ശല്യം പ്രതിരോധിക്കാനായി നാടൻ തോക്ക് കൈവശം വെച്ചു എന്നാണ് പ്രാഥമിക നിഗമനം.
തോക്കിന് ലൈസൻസില്ലെന്ന് പോലീസ് കണ്ടെത്തി. സുജിത്തിന് എവിടെ നിന്ന് തോക്ക് ലഭിച്ചൂവെന്നറിയാൻ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
National
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം (18) ആണ് മരിച്ചത്. കീടനാശിനി കഴിച്ച അവശനിലയിൽ കണ്ട ഇയാളെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ ഒരുലക്ഷം രൂപയാണ് ഇയാൾക്ക് നഷ്ടമായത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.
അടുത്തിടെ ഹൈദരാബാദിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഓൺലൈൻ വാതുവയ്പ്പ് ആപ്പ് വഴി പണം നഷ്ടമായ ടാക്സി ഡ്രൈവറും ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിക്രമിന്റെ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം തെലങ്കാനയിൽ 383 കേസുകളാണ് ഓൺലൈൻ വാതുവയ്പ്പ് ആപ്പുകൾക്കെതിരേ രജിസ്റ്റർ ചെയ്തതെങ്കിൽ ഈ വർഷം എണ്ണം 678 ആയി എന്നാണ് പോലീസ് കണക്ക്. 9.57 കോടി രൂപയാണ് ഓൺലൈൻ വാതുവയ്പ്പ് വഴി ആളുകൾക്ക് നഷ്ടമായത്. കെണിയിൽ വീഴുന്നവരിൽ ഭൂരിഭാഗവും 18-30 വയസിനിടയിൽ പ്രായമുള്ളവരാണെന്നാണ് പോലീസ് റിപ്പോർട്ട്.
National
ബംഗളൂരു: പ്രാർഥനാചടങ്ങിലേക്ക് അതിക്രമിച്ചെത്തി പാസ്റ്ററെ ഭീഷണിപ്പെടുത്തുകയും ക്രൈസ്തവവിശ്വാസത്തെ അധിക്ഷേപിക്കുകയും ചെയ്തയാൾക്കെതിരേ പോലീസ് കേസെടുത്തു. സത്യാനിഷ്ഠ ആര്യ എന്നയാൾക്കെതിരേയാണ് ബംഗളൂരു കോറമംഗല പോലീസ് കേസെടുത്തത്.
പ്രാർഥനാചടങ്ങിലേക്ക് അതിക്രമിച്ചെത്തിയ ഇയാളും അനുചരന്മാരും പാസ്റ്ററെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ക്രൈസ്തവവിശ്വാസം സംബന്ധിച്ച ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്ത സ്ത്രീകളെയും അധിക്ഷേപിച്ചു.
ഇതുസംബന്ധിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് നിരവധിപ്പേരാണ് സത്യാനിഷ്ഠ ആര്യക്കെതിരേ പരാതിയുമായി ബംഗളൂരു സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചത്. ക്രൈസ്തവർക്കെതിരേയും മുസ്ലിംകൾക്കെതിരേയും വിദ്വേഷപ്രസംഗങ്ങൾ നടത്തി അതു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പണം സന്പാദിക്കുകയാണ് ഇയാളുടെ പ്രധാന പരിപാടിയെന്ന് പോലീസ് പറഞ്ഞു. സ്വന്തം പേരിൽ ആരംഭിച്ച സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വിദ്വേഷപ്രചാരണം.
അതേസമയം, ബംഗ്ലാദേശിൽനിന്നെത്തി മതം മാറിയയാളാണു പ്രതിയെന്ന് സൂചനയുണ്ട്. സാനിയുർ റഹ്മാൻ എന്ന പേരുള്ള ഇയാൾ 2018ൽ മതം മാറി ശ്രീ സത്യാനിഷ്ഠ ആര്യ എന്ന പേരു സ്വീകരിച്ച് സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ക്രൈസ്തവർക്കും മുസ്ലിംകൾക്കുമെതിരേ വിദ്വേഷപ്രചാരണം നടത്തിവരികയാണെന്നും ഇയാൾക്കു ചില തീവ്ര ഹിന്ദുസംഘടനകളുടെ പിന്തുണയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Kerala
കൊച്ചി: ഹോട്ടലിൽനിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ താന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന വിവരം ഇപ്പോൾ ദീപിക ഒാൺലൈനിൽനിന്നു വിളിക്കുമ്പോഴാണ് അറിയുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ.
അന്നു താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ റൂം സര്‍വീസ് എന്നു പറഞ്ഞു ഹോട്ടല്‍ ജീവനക്കാരല്ലാത്ത ചിലര്‍ വന്നതുകൊണ്ടാണ് താന്‍ ഇറങ്ങി ഓടിയത്- ഹോട്ടൽ മുറിയിൽനിന്ന് ഇറങ്ങി ഓടിയ സംഭവത്തെക്കുറിച്ചു ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
"ഞാന്‍ ഹോട്ടലില്‍നിന്ന് ഓടിപ്പോയ കേസിനു ലഹരിയുമായി ബന്ധമില്ല. അന്ന് അവര്‍ ബ്ലഡ് ഒക്കെ എടുത്തിരുന്നു. അതിനു ശേഷമാണ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ എന്നെ കൊണ്ടുപോയത്. അതൊക്കെ അവിടെ കഴിഞ്ഞതാണ്. അതിന്റെ പരിശോധനാ ഫലം വന്നത് ഇന്നാണ് എന്നല്ലേ ഉള്ളെന്നും നടൻ പറഞ്ഞു.
അന്നു ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടാനുള്ള കാരണമെന്തെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. "നമ്മളുടെ പിന്നാലെ ആരെങ്കിലും വന്നാല്‍ നമ്മള് ഇറങ്ങി ഓടില്ലേ. രാത്രി പതിനൊന്ന്-പതിനൊന്നര സമയത്താണ് എന്റെ ഹോട്ടല്‍ റൂമില്‍ രണ്ടുമൂന്നു പേര് യൂണിഫോം ഒന്നുമിടാതെ റൂം സര്‍വീസ് എന്നു പറഞ്ഞുവന്നത്. ഈ അപരിചിതരെ കണ്ടാൽ ഞാന്‍ എന്താ വിചാരിക്കുക? പോലീസ് ആണെന്ന് എങ്ങനെ മനസിലാക്കും. ഞാൻ ഉടനെ റിസപ്ഷനില്‍ വിളിച്ചു. അവിടെയുള്ളവര്‍ക്കും അറിയില്ല. റൂം സര്‍വീസ് ഞാന്‍ പറഞ്ഞിട്ടില്ല എന്നു പറഞ്ഞിട്ടും അവര്‍ പോകാൻ കൂട്ടാക്കിയില്ല. അവര്‍ അവിടെനിന്നു പരുങ്ങി കളിക്കുകയാണ്. അങ്ങനെ ആശങ്ക തോന്നി ഇറങ്ങി ഓടിയതാണ്'.
അതേസമയം, ഹോട്ടലില്‍ മുറിയെടുത്ത് നടനും സുഹൃത്തും ലഹരി ഉപയോഗിച്ചു എന്നായിരുന്നു പോലീസ് കേസ്. ഡാന്‍സാഫ് സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയത് വലിയ വാർത്തയായിരുന്നു. കേസില്‍ നടനെ മണിക്കൂറുകളോളം പിന്നീട് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, നടന് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് പരിശോധനയിൽ തെളിക്കാനായില്ല. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചിരുന്നതായി തെളിവില്ലെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ദീപിക ഓൺലൈൻ പ്രതികരണം തേടിയത്.
Kerala
കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസില്‍ പോലീസിന് കനത്ത തിരിച്ചടി. ഷൈൻ ലഹരി ഉപയോഗിച്ചുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല. ഫോറൻസിക് റിപ്പോർട്ട് ഇന്നലെ പുറത്തുവന്നു.
കൊച്ചിയിലെ ഹോട്ടലിൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം.
കൊച്ചി നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഷൈനും സുഹൃത്ത് അഹമ്മദ് മുർഷാദുമായിരുന്നു പ്രതികൾ. ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷൈനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കാൻ പോലീസ് നിയമോപദേശം തേടും.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈൻ ടോം ചാക്കോയ്ക്ക് ബന്ധമില്ലെന്ന് മുമ്പ് എക്സൈസ് വ്യക്തമാക്കിയിരുന്നു. ഈ കേസിൽ പിടിക്കപ്പെട്ട തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ഷൈനെ വിളിച്ചുവരുത്തിയിരുന്നു.
താൻ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്തഫിറ്റമിനാണ് ഉപയോഗിച്ചിട്ടുള്ളതെന്നുമാണ് ഷൈൻ അന്ന് മൊഴി നൽകിയത്. തുടർന്ന് ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയിരുന്നു.
Kerala
മലപ്പുറം: എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചകേസിൽ സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖിനെയാണ് (28) കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം ഒരുസംഘമാളുകൾ ആഷിഖിനെയും സഹോദരിയെയും വീട്ടിൽ കയറി മർദിച്ചെന്ന പരാതിയിലും കേസെടുത്തിട്ടുണ്ട്. ആഷിഖിനെ കോടതി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള പരാമർശിക്കുന്ന പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കേസെടുത്തതിൽ പ്രതികരണവുമായി പാട്ട് എഴുതിയ ജി. പി. കുഞ്ഞബ്ദുള്ള. കേസിനെ നിയമപരമായി നേരിടുമെന്നും മതവികാരം വ്രണപ്പെട്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കുഞ്ഞബ്ദുള്ള പറഞ്ഞു.
തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ ആണ് നാലുപേർക്കെതിരെ കേസ്. ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ‘പോറ്റിയെ കേറ്റിയെ’ ഗാനം ആലപിച്ച ഡാനിഷ് തുടങ്ങി നാല് പേർക്കെതിരെയാണ് കേസ്.
അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തി സമൂഹത്തെ ഇളക്കി വിട്ടെന്നുമാണ് എഫ്ഐആർ.
Kerala
കണ്ണൂർ: ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ഇരിട്ടി വട്ടക്കയത്തുണ്ടായ സംഭവത്തിൽ വട്ടക്കയം സ്വദേശി സുനിൽകുമാർ, ഭാര്യ ബിന്ദു എന്നിവർക്കാണ് മർദനമേറ്റത്.
അക്രമി സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. സ്ഫോടക വസ്തു എറിയുന്നതിനിടെ അക്രമി സംഘത്തിലെ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ സിപിഎ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
Kerala
കോട്ടയം: കുടുംബ പ്രശ്നത്തെ തുടർന്ന് അധ്യാപികയെ ഭർത്താവ് സ്കൂളിൽ കയറി അക്രമിച്ചു. കോട്ടയം നഗരത്തിലെ ഒരു സ്കൂളിൽ നടന്ന സംഭവത്തിൽ അധ്യാപിക ഡോണിയായ്ക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിൽ ഭർത്താവ് കൊച്ചുമോനെതിരെ പോലീസ് കേസെടുത്തു. ഇന്നു രാവിലെ 10.30നാണ് സംഭവം. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന ഡോണിയയെ അന്വേഷിച്ചാണ് ഭര്‍ത്താവ് സ്കൂളിലെത്തിയത്. ക്ലാസ് റൂമില്‍ നിന്നും ഓഫീസിലേക്ക് വിളിച്ചു വരുത്തി ശേഷം അധ്യാപികയെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
തൊട്ടടുത്ത ക്ലാസ് റൂമിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഡോണിയയെ പിന്തുടര്ന്നെത്തിയ ഭര്‍ത്താവ് കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അധ്യാപകരും നാട്ടുകാരും ഓടിക്കൂടുന്നതിനിടയില് ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റ ഡോണിയായെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ഭർത്താവ് കൊച്ചുമോൻ ഒളിവിൽ പോയി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു
Kerala
കൊച്ചി: മലയാറ്റൂരിൽ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ ആണ് സുഹൃത്ത് അലനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത അലന്റെ അറസ്റ്റ് ഇന്ന് വൈകിട്ടോടെയാണ് പോലീസ് രേഖപ്പെടുത്തിയത്.
ചിത്രപ്രിയയും ആണ്‍സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂർ ജംഗ്ഷൻ വഴി ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഇതോടെ നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച അലനെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചുവെന്നും പോലീസ് അറിയിച്ചു.
സംശയത്തെതുടര്‍ന്ന് പെണ്‍കുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ചിത്രപ്രിയയുടെ മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.
ശനിയാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ ഇന്നലെ വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെ മകളാണ് 19കാരിയായ ചിത്രപ്രിയ. ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിനിയായ ചിത്രപ്രിയ അമ്പലത്തിലെ ഉത്സവം കൂടാനാണ് മലയാറ്റൂലെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.
Kerala
തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി. തലസ്ഥാനത്തെ ഹോട്ടലിൽ സ്ക്രീനിംഗ് നടക്കുന്നതിനിടെയാണ് സംഭവം.
മുറിയിലെത്തിയ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി പോലീസിന് കൈമാറി. പരാതിയിൽ കന്റോൺമെന്റ് പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചു. ആദ്യഘട്ടമായി ചലച്ചിത്രപ്രവർത്തയുടെ മൊഴിയും രേഖപ്പെടുത്തി. ഐഎഫ്എഫ്കെയുടെ ജൂറി അംഗമാണ് ചലച്ചിത്രപ്രവർത്തക.
Kerala
ഈരാറ്റുപേട്ട: പൂഞ്ഞാറിൽ ഗൃഹനാഥനെ വീടിനു സമീപത്തെ പുരയിടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂഞ്ഞാർ പെരിങ്ങുളം ഭാഗത്ത് തടവിനാലിൽ വീട്ടിൽ ലോറൻസ് (56) ആണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയതിനു സമീപത്തുനിന്നും തോക്കും കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ 11 ഓടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് നാട്ടുകാർ വിവരം ഈരാറ്റുപേട്ട പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന്, ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.
ഇയാൾ സ്വയം വെടിവച്ച് മരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസ് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തും. ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
Kerala
ആലുവ: രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ ഉൾപ്പെട്ട ലൈംഗിക പീഡന പരാതിയിലെ അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന പേരിൽ എറണാകുളം റൂറൽ ജില്ലയിൽ രണ്ടു പേർക്കെതിരേ സൈബർ പോലീസ് സ്വമേധയാ കേസെടുത്തു.
രാജു വിജയകുമാർ, പി.എ. റസാഖ് കീഴില്ലം എന്നീ പേരുകളിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അതിജീവിതയ്ക്കെതിരേ മോശം പരാമർശമുണ്ടായത്.ഇത് വ്യാജ ഐഡിയാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൂടുതൽ പരാതികൾ വരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി കെപിസിസി വൈസ് പ്രസിഡന്റ് എ.പി.അനിൽ കുമാർ. രാഹുലിനെതിരെ ആദ്യ പരാതിവന്നപ്പോൾ തന്നെ പാർട്ടി നടപടിയെടുത്തു.
നിലവിൽ രാഹുൽ പാർട്ടിയിലില്ല. യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം അദ്ദേഹം രാജിവച്ചുകഴിഞ്ഞു. പുതിയ പരാതി കെപിസിസിക്ക് ലഭിച്ചപ്പോൾ തന്നെ അത് ഡിജിപിക്ക് കൈമാറി. ഇനി നടപടിയെടുക്കേണ്ടത് പോലീസാണ്. ആരോപണം ഉയർന്നപ്പോൾ തന്നെ പാർട്ടി നടപടിയെടുത്തു.
കോൺഗ്രസല്ലാതെ ഏതെങ്കിലും പാർട്ടി ഇങ്ങനെ ചെയ്യുമോ. ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട് എ.പത്മകുമാറും എൻ.വാസുവും അറസ്റ്റിലായിട്ട് സിപിഎം എന്ത് നടപടി സ്വീകരിച്ചു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നതെന്നും അനിൽകുമാർ പറഞ്ഞു.
National
ഹൈദരാബാദ്: നാല് വയസുകാരിയെ ക്രൂരമായി മർദിച്ച നഴ്സറി സ്കൂൾ ആയ പിടിയിൽ. പുറത്തുവന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ തുടർന്നാണ് പോലീസ് കേസെടുത്തത്.
അയൽവാസിയായ സ്ത്രീയാണ് ആയയുടെ ക്രൂരതകൾ മൊബൈലിൽ പകർത്തിയത്. നഴ്സറി സ്കൂളിലെ ഇടവേളയ്ക്കിടെ ആയ കുഞ്ഞിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇടവേള സമയത്ത് കുട്ടിയെ തല നിലത്തിടിച്ച് മർദിക്കുന്നതും കഴുത്ത് ഞെരിച്ച് വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തിൽ കേസെടുത്ത പോലീസ് ലക്ഷ്മി എന്ന ആയയെ അറസ്റ്റ് ചെയ്തു. മർദനത്തിന് ഇരയായ കുട്ടി നിലവിൽ ചികിത്സയിലാണ്. കുട്ടിയുടെ അമ്മയും പ്രതിയും നേരത്തെ ഒരുമിച്ച് ജോലി ചെയ്തിരുന്നതായി പോലീസ് പറയുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Kerala
മലപ്പുറം: മന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ച് പോലീസിനെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍. കോട്ടക്കലിലാണ് സംഭവം.
പുത്തൂര്‍ സ്വദേശി സനൂപിനെയാണ് (28) അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 26ന് വൈകിട്ട് ആറിനാണ് സംഭവം. സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിക്കാരനെ വിളിച്ചാണ് സനൂപ് ഭീഷണിപ്പെടുത്തിയത്.
സ്വന്തം മൊബൈല്‍ നമ്പറില്‍ നിന്ന് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച പ്രതി, മന്ത്രി പി. രാജീവിന്റെ ഓഫിസില്‍ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞാണ് സംസാരിച്ചത്. പുത്തൂര്‍ അരിച്ചോളിലുള്ള സനൂപിന്റെ വീട്ടില്‍ പോയ പൊലീസുകാരുടെ തൊപ്പി തെറിപ്പിക്കുമെന്നും വിവരങ്ങള്‍ നല്‍കണമെന്നും പറഞ്ഞായിരുന്നു ഭീഷണി. ഭരിക്കുന്ന പാര്‍ട്ടിയാണെന്നും പാര്‍ട്ടി ഇടപെട്ടാല്‍ നിങ്ങള്‍ക്ക് താങ്ങില്ലെന്നും പറഞ്ഞു. ഇതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
ബംഗളൂരുവിലെ യു സിറ്റി കോളജില്‍ സീറ്റ് തരപ്പെടുത്താമെന്ന് പറഞ്ഞ് 15,000 രൂപ ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രതിയുടെ വീട്ടില്‍ പോലീസ് അന്വേഷണത്തിനെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ഇതിനു പിറകെയാണ് സ്റ്റേഷനിലേക്ക് ഫോണ്‍ വന്നത്. സനൂപ് തന്നെയാണ് വിളിച്ചതെന്ന് തിരിച്ചറിഞ്ഞതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് ഇന്‍സ്പെക്ടര്‍ ദീപകുമാര്‍, എസ്ഐ റിഷാദലി നെച്ചിക്കാടന് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസില്‍ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ. രാഹുൽ വിഷയത്തിൽ പോലീസ് നിയമനടപടി സ്വീകരിക്കട്ടെയെന്ന് ഹസൻ പറഞ്ഞു.
രാഹുലിനെതിരെ പാർട്ടി നടപടി എടുത്തതാണ്. നിയമനടപടിക്ക് പാർട്ടിയോ രാഹുലോ തടസം നിൽക്കില്ല. പരാതി നൽകാൻ മൂന്ന് മാസത്തെ കാലതാമസം എന്തിനാണ്. അതിജീവിതക്ക് മേൽ സമ്മർദ്ദം ഉണ്ടായിട്ടുണ്ടാകും.
യുവതി പരാതി നൽകിയ രീതി വിചിത്രമാണ്. പരാതിക്ക് പിന്നിൽ ആസൂത്രണമുണ്ടെന്നും തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിന് വേണ്ടിയുള്ള നീക്കമാണിതെന്നും ഹസൻ കൂട്ടിച്ചേർത്തു.
Kerala
കാസര്‍ഗോഡ്: സിപിഎം പഞ്ചായത്തംഗം ബിഎല്‍ഒയെ കൈയേറ്റം ചെയ്തതായി പരാതി. ദേലംപാടി പഞ്ചായത്തില്‍ എസ്ഐആര്‍ ഫോം വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബൂത്ത് ലെവല്‍ ഓഫീസറെ ദേലംപാടി പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ സുരേന്ദ്രൻ മർദിച്ചെന്നാണ് പരാതി ഉയർന്നത്.
ബന്തടുക്ക ബീവറേജസ് ഔട്ട്ലെറ്റിലെ ക്ലര്‍ക്കായ ബിഎല്‍ഒ പി.അജിത്ത് ആദൂര്‍ പോലീസില്‍ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 78-ാം ബൂത്ത് നമ്പറായ പയറുക്കയിലെ ക്യാമ്പിലാണ് സംഭവം. സുരേന്ദ്രന് തന്റെ കോളറില്‍ പിടിക്കുകയും അടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
അജിത്തിനെ സുരേന്ദ്രന് അസഭ്യം പറയുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എസ്ഐആര്‍ ഫോം വിതരണവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. ഒരേ പേരുള്ള രണ്ടു വോട്ടര്‍മാരുടെ ഫോമുകളില്‍ ഒന്ന് അജിത് എത്തിച്ചുകൊടുത്തപ്പോള്‍ രണ്ടാമത്തെയാളുടെ ഫോം അയല്‍വാസിയെയാണ് നല്കാന് ഏല്പിച്ചത്.
എന്നാല്‍ അയല്‍വാസി ഇതു കൊടുക്കാന്‍ മറന്നുപോയി. എന്തുകൊണ്ടാണ് ഫോം എത്തിച്ചുകൊടുക്കാത്തതെന്ന് ചോദിച്ച് സുരേന്ദ്രന് അജിത്തിനെ ഫോണ്‍ വിളിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കമാണ് പിറ്റേന്ന് കൈയാങ്കളിയില്‍ കലാശിച്ചത്.
Kerala
പാലക്കാട്: പുതിയതായി പുറത്തുവന്ന ശബ്ദരേഖയിലെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ മൂന്നുമാസമായി ഒരേകാര്യംതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പുതുതായിട്ട് ഒന്നും പുറത്തുവന്ന സന്ദേശത്തിൽ ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം നടക്കട്ടെ, ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും രാഹുൽ പറഞ്ഞു.
ഈ രാജ്യത്തെ ഏതെങ്കിലും നിയമത്തിനെതിരായി ഒരു പ്രവൃത്തിയും താൻ ചെയ്തിട്ടില്ല. ആ നിലയ്ക്ക് തനിക്ക് നിയമപരമായി മുമ്പോട്ട് പോകാനുള്ള അവകാശമുണ്ട്.
നിയപരമായ എന്തെല്ലാം പോരാട്ടം വരാനിക്കുന്നു. തന്റെ ഭാഗത്തുനിന്ന് എന്തെല്ലാം നിയമപരമായ പോരാട്ടം വരാനിരിക്കുന്നു. അതിനൊക്കെ സമയം ഉണ്ടല്ലോ. നിങ്ങളെന്തിനാ തിരക്കുകൂട്ടുന്നേ. തിരിച്ചും മറിച്ചും മാധ്യമപ്രവർത്തകർ ഒരേകാര്യം തന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
സമയമാകുമ്പോൾ താൻ തന്റെ നിരപരാധിത്യം കോടതിയിൽ തെളിയിക്കുമെന്നും രാഹുൽ പറഞ്ഞു. പുറത്തുവന്ന ശബ്ദസന്ദേശം നിഷേധിക്കാനോ അതിൽ വ്യക്തത വരുത്താനോ ഉള്ള ശ്രമം രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. പല ചോദ്യങ്ങൾക്കും രാഹുൽ മറുപടി പറഞ്ഞുമില്ല.
Kerala
കാസര്‍ഗോഡ്: ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്ക് പ്രകാരം സ്വന്തം വീട്ടില്‍ എയര്‍ഗണ്‍കൊണ്ട് വെടിയുതിര്‍ത്ത പതിനാലുകാരന് കിട്ടിയത് എട്ടിന്റെ പണി. ഉപ്പള ദേശീയപാതയോരത്തെ പ്രവാസിയുടെ വീടിനു നേരെ അജ്ഞാതസംഘം വെടിയുതിര്‍ത്തെന്ന പരാതി വ്യാജമാണെന്നു പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
നവംബര്‍ എട്ടിനു വൈകുന്നേരം ആറോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വെടിവയ്പില്‍ പ്രവാസിയുടെ വീടിന്റെ ബാല്‍ക്കണിയിലെ ഗ്ലാസ് തകരുകയായിരുന്നു. പതിനാലുകാരനായ മകന് മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. അമ്മയും മറ്റു രണ്ടു മക്കളും പുറത്തു പോയിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി.
ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ അഞ്ചു പെല്ലറ്റുകള്‍ ബാല്‍ക്കണിയില്‍നിന്നു കണ്ടെടുത്തു. വെള്ള നിറത്തിലുള്ള കാറിലെത്തിയ നാലംഗസംഘം വീടിനു നേരേ വെടിയുതിര്‍ക്കുകയായിരുന്നെന്നും ഉടന്‍തന്നെ അവര്‍ സ്ഥലംവിട്ടതായും പതിനാലുകാരൻ പോലീസിന് മൊഴിനല്‍കിയിരുന്നു. എന്നാല്‍, പ്രദേശത്തെ വിവിധ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ അത്തരമൊരു കാര്‍ കണ്ടെത്താനായില്ല.
സംശയം തോന്നിയ പോലീസ് സംഘം കുട്ടിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ വിശദമായി ചോദ്യംചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുട്ടി തന്നെ വെടിയുതിര്‍ത്തതാണെന്ന് പോലീസിനോട് സമ്മതിച്ചു. ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ കുട്ടി ഗെയിമില്‍ പറഞ്ഞ കാര്യങ്ങള്‍ക്കനുസരിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞാല്‍ അമ്മ വഴക്കു പറയുമെന്നു പേടിച്ച് കഥ മെനയുകയായിരുന്നു.
കുട്ടിയില്‍നിന്നു പോലീസ് തോക്കും പെല്ലറ്റുകളും കണ്ടെടുത്തു. കുട്ടിക്ക് എവിടെനിന്നാണു തോക്ക് ലഭിച്ചതെന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ എന്താണ് പ്രചോദനമായതെന്നുമുള്ള കാര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വളരെ അഭ്യൂഹം നിറഞ്ഞ വാര്‍ത്തകളാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നത്.
മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ പി. അജിത്കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ കെ.ആര്. ഉമേഷ്, വൈഷ്ണവ് രാമചന്ദ്രന്, ശബരി കൃഷ്ണന്, എഎസ്ഐ അജിത് എന്നിവരടങ്ങിയ സംഘത്തിന്റെ സമഗ്രമായ അന്വേഷണത്തിലാണ് കേസിന്റെ സത്യാവസ്ഥ പുറത്തുവന്നത്. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Kerala
കൊല്ലം: കടയ്ക്കലിൽ ലോഡ്ജിന് മുകളിൽ നിന്നും യുവാവിനെ തള്ളിയിട്ടു. ചൊവ്വാഴ്ച രാത്രിയാണ് കടയ്ക്കൽ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ അസിമിനെ ഒപ്പമുണ്ടായിരുന്ന ശ്രീകുമാർ കമ്പികൊണ്ട് അടിച്ച ശേഷം തള്ളിയിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
രണ്ടാം നിലയിൽനിന്ന് അസിം താഴെ വീഴുകയായിരുന്നു. സംഭവത്തില്‍ കരവാളൂർ സ്വദേശി ശ്രീകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അസിം നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ലോഡ്ജിന്റെ മുകളില്‍ നിന്ന് അസിം വീണു എന്നാണ് ആദ്യം നാട്ടുകാരും സഹപ്രവർത്തകരും അടക്കമുള്ളവർ കരുതിയിരുന്നത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അങ്ങനെയല്ലെന്ന് കണ്ടെത്തിയത്. പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങൾ നടുക്കുന്നതാണ്.
ശ്രീകുമാര്‍ ലോഡ്ജില്‍ മുറിയെടുത്തിട്ടുണ്ട്. അവിടെവച്ച് ഇരുവരും തമ്മില്‍ തര്ക്കമുണ്ടി. തുടര്‍ന്നായിരുന്നു അക്രമണം. നിലവില്‍ ശ്രീകുമാര്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് കടയ്ക്കൽ പോലീസ് പറഞ്ഞു.
Kerala
മലപ്പുറം: ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. പരപ്പനങ്ങാടി പുത്തരിക്കലിലാണ് സംഭവം. പുത്തരിക്കൽ പൊട്ടിക്കുളത്ത് അരുൺ (36) ആണ് ഭാര്യ മേഘ്നയെ വെട്ടി പരിക്കേൽപ്പിച്ചത്.
ഇവർ അകന്ന് കഴിയുകയായിരുന്നു. കുട്ടികളെ കാണാനായി മേഘ്ന ഭർത്താവിന്റെ വീട്ടിലെത്തിയതായിരുന്നു. എന്നാൽ, കുട്ടികളെ കാണാൻ അരുൺ സമ്മതിച്ചില്ല.
ഇതിനെ ചൊല്ലി വാക്കുതർക്കം ഉണ്ടാവുകയും ഭർത്താവ് വീട്ടിലെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് അരുണിനെ പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു.